---
title: "അരവണയും അപ്പവും കിട്ടാനില്ലാത്ത അവസ്ഥ; ശബരിമലയിലെ ദേവസ്വം ബോർഡ് വീഴ്ചയിൽ കടുത്ത നിലപാടുമായി മന്ത്രി കെ. മുരളീധരൻ"
english_title: "Sabarimala Aravana Shortage Minister K Muraleedharan Slams Devaswom Board"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383641/ sabarimala-aravana-crisis-minister-k-muraleedharan-slams-devaswom-board"
published_at: "2026-09-21T12:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0dc19b7166_sabarimala-aravana-crisis-minister-k-muraleedharan-slams-devaswom-board.jpg"
keywords: ["Sabarimala Aravana", "K Muraleedharan", "Devaswom Board", "Aravana Shortage"]
---

# അരവണയും അപ്പവും കിട്ടാനില്ലാത്ത അവസ്ഥ; ശബരിമലയിലെ ദേവസ്വം ബോർഡ് വീഴ്ചയിൽ കടുത്ത നിലപാടുമായി മന്ത്രി കെ. മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: **ശബരിമലയിലെ അരവണ വിതരണ പ്രതിസന്ധിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി കെ. മുരളീധരൻ രംഗത്ത്. നട തുറക്കുന്ന സമയത്തുതന്നെ അരവണ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതാണ് ഇപ്പോഴത്തെ ഗുരുതരമായ ഭക്ഷ്യക്ഷാമത്തിന് കാര്യമെന്നും മന്ത്രി വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **ശബരിമലയിലെ അരവണ വിതരണ പ്രതിസന്ധിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി കെ. മുരളീധരൻ രംഗത്ത്. നട തുറക്കുന്ന സമയത്തുതന്നെ അരവണ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതാണ് ഇപ്പോഴത്തെ ഗുരുതരമായ ഭക്ഷ്യക്ഷാമത്തിന് കാര്യമെന്നും മന്ത്രി വ്യക്തമാക്കി.

മണ്ഡലകാലത്തിന് മുന്നേ എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് പ്രസാദമായ അരവണയും അപ്പവും നൽകേണ്ടതില്ല എന്നാണോ ബോർഡ് കരുതുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. നട തുറന്നു പ്രവർത്തിക്കുമ്പോൾ ദർശനത്തിനെത്തുന്ന ഭക്തർക്ക് തടസ്സമില്ലാതെ പ്രസാദം ലഭിക്കണമെന്നും, അതിന് സാധിച്ചില്ലെങ്കിൽ കൃത്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കാൻ ബോർഡിന് കഴിയുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശബരിമലയിലെ അരവണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആവശ്യമായി വന്നാൽ സർക്കാരിന്റെ ആശങ്ക ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ആവശ്യമെങ്കിൽ മണ്ഡലകാല നടത്തിപ്പിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്.

മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ നടപടികൾ സ്വീകരിക്കും. ഭക്തജനങ്ങൾക്ക് ലഭിക്കേണ്ട യാതൊരുവിധ ആനുകൂല്യങ്ങളും മുടങ്ങാൻ സർക്കാർ അനുവദിക്കില്ലെന്നും, ഇത്തരം പരീക്ഷണങ്ങൾക്ക് ഇനിയും കൂട്ടുനിൽക്കാൻ കഴിയില്ലെന്നും മന്ത്രി കെ. മുരളീധരൻ കർശനമായ നിലപാടിലൂടെ വ്യക്തമാക്കി.

അതേസമയം, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് അരവണ പ്ലാന്റിന്റെ ഉത്പാദന ശേഷി ഉയർത്തുന്നതിനുള്ള നവീകരണ ജോലികൾ നടത്തുന്നതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. ഏത് സമയത്ത് ഈ പ്രവൃത്തികൾ ആരംഭിച്ചാലും പൂർത്തിയാക്കാൻ കുറഞ്ഞത് ഒന്നര മാസം സമയം ആവശ്യമാണ്.

കന്നിമാസ പൂജകളിൽ മണ്ഡലകാലത്തിന് സമാനമായ വൻ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്, ഇതാണ് അരവണ വിതരണത്തിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായതെന്നും ബോർഡ് അറിയിച്ചു. അടുത്ത മാസം പത്താം തീയതിയോടെ പ്ലാന്റിന്റെ നവീകരണ ജോലികൾ പൂർത്തിയാകും. തുടർന്ന് തീർത്ഥാടകർക്ക് ആവശ്യമായ അളവിൽ അപ്പവും അരവണയും ഉറപ്പാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

മാസപൂജകൾക്കായി ശബരിമല നട ഇക്കഴിഞ്ഞ പതിനേഴാം തീയതിയാണ് തുറന്നത്. അഞ്ച് ദിവസത്തെ പൂജകൾക്ക് ശേഷം ഇന്ന് രാത്രി 10 മണിയോടെ നട അടയ്ക്കും. ഓൺലൈൻ ബുക്കിങ്ങിലൂടെയും സ്പോട്ട് ബുക്കിങ്ങിലൂടെയുമായി ഏകദേശം പതിനേഴായിരത്തോളം ഭക്തരാണ് ഇന്ന് മാത്രം സന്നിധാനത്ത് ദർശനത്തിനായി എത്തിയത്.

ഓരോ തീർത്ഥാടകരനും രണ്ട് ടിൻ അരവണ വീതം നൽകുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചിരുന്നെങ്കിലും, നിലവിൽ 20,000 ടിൻ അരവണ മാത്രമാണ് സ്റ്റോക്കുള്ളത്. മാസപൂജകളിൽ ഉണ്ടാകാറുള്ള വൻ തിരക്ക് മുൻകൂട്ടിക്കണ്ട് കരുതശേഖരം ഉണ്ടാക്കുന്നതിൽ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് ശക്തമായ വിമർശനം ഉയർന്നിരിക്കുന്നത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് പലർക്കും അരവണ വാങ്ങാൻ കഴിയുന്നത്. അരവണയ്ക്ക് പുറമെ ഉണ്ണിയപ്പത്തിനും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് തീർത്ഥാടകർ പരാതിപ്പെടുന്നു.

English Summary:

Minister K Muraleedharan has strongly criticized the Devaswom Board over the Sabarimala Aravana shortage. He questioned why repair work at the Aravana plant was undertaken during the temple opening time, causing scarcity. He said devotees must get prasad when the temple is open or alternative arrangements should have been made. The government may inform the High Court of its concerns and consider running the Mandala season with a special team. The Devaswom Board explained that capacity enhancement is being done with High Court permission before Mandala season and will take one and a half months to complete.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383641/ sabarimala-aravana-crisis-minister-k-muraleedharan-slams-devaswom-board)